sri ramakrishna math
ശ്രീരാമകൃഷ്ണസംഘത്തിന്റെ ആദ്ധ്യാത്മികപ്രവർത്തനങ്ങളെ വളരെക്കാലം നിയന്ത്രിച്ചിരുന്ന ശ്രീ വിരജാനന്ദസ്വാമികൾ തന്റെ ദീർഘകാലത്തെ ആദ്ധ്യാത്മികസാധനകളുടെയും അനുഭൂതികളുടെയും വെളിച്ചത്തിൽ സ്വശിഷ്യർക്കുനൽകിയിരുന്ന ഉപദേശങ്ങൾ സാധകന്മാർക്കെല്ലാം സഹായകമായിത്തീരുവാൻവേണ്ടി അദ്ദേഹംതന്നെ പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയതാണ് ബംഗാളിയിലും ഇംഗ്ലീഷിലുമുള്ള ഇതിലെ മൂലഗ്രന്ഥങ്ങൾ.ഇതു പൗരസ്ത്യരുടെ മാത്രമല്ല ജിറാൾഡ് ഹേർഡ്, ക്രിസ്റ്റഫർ ഈഷർവുഡ് മുതലായ പാശ്ചാത്യചിന്തകന്മാരുടെകൂടി മുകതകണ്ഠമായ പ്രശംസയ്ക്കു പത്രമായിട്ടുള്ള ഒന്നാണ്. ഹിന്ദിയിലും മറ്റും ഇതിനു വിവർത്തനം മുബേ ഉണ്ടായിട്ടുണ്ട് മലയാളത്തിൽ ഇപ്പോൾ മാത്രമാണ് ഇതിന്റെ പ്രസിദ്ധികരണത്തിനുള്ള അവസരം ഉണ്ടായത്. ശ്രീരാമകൃഷ്ണമിഷനിലെ ഒരു പ്രമുഖസന്ന്യാസിയായിരുന്ന ശ്രീമത് സിദ്ധേശ്വരാനന്ദ സ്വാമികളുടെ സഹോദരിയും ഭക്തയുമായാ ശ്രീമതികുഞ്ഞിക്കാവമ്മ (മിസിസ്സ് കെ രാമവർമ്മ)യുടെ സ്നേഹപൂർണമായ പ്രചോദനവും ഇതിനു സഹായകമായിട്ടുണ്ട്.
ആദ്ധ്യാത്മിക വിദ്യ സിദ്ധഗുരുവിൽനിന്നു നേരിട്ടു ലഭിക്കേണ്ടതാണ്. ആചാര്യവാൻ പുരുഷോ വേദ എന്നാണ് വൈദികസിദ്ധാന്തം. അതിനെപ്പോഴും സാധിച്ചെന്നുവരില്ല. സിദ്ധ ഗുരുവിനെ ലഭിക്കാത്തപ്പോൾ പരമ്പരാഗതമായി ആദ്ധ്യാത്മികസിദ്ധി നേടിയിട്ടുള്ള മഹാന്മാരുടെ ചൈതന്യമുള്ള വാണികളാണ് സാധകന്മാർക്ക് അവലംബം ആദ്ധ്യാത്മികഗുരു യദൃച്ഛാപ്രതിഭാസമോ ഒരു ഒറ്റപ്പെട്ട കണ്ണികയോ അല്ല;അവിച്ഛിന്നമായ ഒരു ശക്തിപ്രവാഹമാണ്. അതുകൊണ്ടാണ്, തസ്മാദ് അസസമ്പ്രദായവിത് സർവ്വശാസ്ത്രവിദപി മുർഖവദേവ ഉപേക്ഷിണീയഃ .(അതുകൊണ്ട് പരമ്പരയില്ലാത്ത ആചാര്യൻ സർവ്വശാസ്ത്രപണ്ഡിതനായാലും മൂർഖനെപ്പോലെ ഉപേഷിക്കേണ്ടവനാണ് )
എന്നു ശ്രീ ശങ്കരാചാര്യർ പറയുന്നത്. ശാസ്ത്രീയമായ മാർഗ്ഗത്തിൽക്കൂടി ശിഷ്യരെ ഉയർന്ന ആദ്ധ്യാത്മികതലത്തിലേയ്ക്കെത്തിക്കുന്ന യഥാർത്ഥഗുരു ഒരിക്കലും അപ്രായോഗികമായ ഉപദേശങ്ങൾ കൊടുക്കുകയോ അത്ഭുതസിദ്ധികൾകൊണ്ട് താൽക്കാലിക അനുഭവങ്ങൾ നേടികൊടുക്കുകയോ ചെയ്യുന്നില്ല; സ്വപ്രയത്നംകൊണ്ടും ഈശ്വരാനുഗ്രഹംകൊണ്ടും പരമലക്ഷ്യം നേടുന്നതിനുള്ള മാർഗ്ഗം കാണിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.കണ്ണിനും കാതിനും മറ്റ് ഇന്ദ്രിയങ്ങൾക്കും പ്രത്യക്ഷമായ ബാഹ്യ പ്രപഞ്ചത്തെക്കൾ ദൃഢതരമായി ഈശ്വരനെ കണ്ടുകൊണ്ടിരിക്കുന്നു എന്നു പ്രഖ്യാപിച്ചിട്ടുള്ള ശ്രീരാമകൃഷ്ണദേവന്റെ ശിഷ്യനായ വിരജാനന്ദസ്വാമികളുടെ
സരളമായ ഉപദേശങ്ങൾ സിദ്ധഗുരുവിൻറെ സത്സംഗംപോലെതന്നെ സാധകമനസ്സിനെ ആദ്ധ്യാത്മികതയിൽ ഉറപ്പിച്ചുനിർത്തുന്നതിനു ശക്തിയുള്ളവയാണ് ഈ പരമാർത്ഥം അനുവാചകന്മാർക്കും അനുഭവംകൊണ്ട് അറിയാവുന്നതാകുന്നു.
പ്രപഞ്ചത്തിൽ പരമാർത്ഥമായിട്ടുള്ളത് ഈശ്വരൻമാത്രമാണ്. ആ ഈശ്വരനെ സാക്ഷാത്കരിക്കുന്നതിനുള്ള സുഖമമായ മാർഗ്ഗങ്ങളെപ്പറ്റിയാണ്
ഇതിൽ പറയുന്നത്. അതുകൊണ്ട് ഇതു പരമാർത്ഥപ്രസംഗമാണ്. ജിജ്ഞാസു കളുടെ ഹൃദയത്തിൽ സത്യസ്വരൂപന്റെ പ്രകാശം കൊളുത്തുന്ന കിരണങ്ങളാണ് ഇതിലെ ഓരോ ഉപദേശവും. പരമാർത്ഥവിഷയകവും പരമാർത്ഥലക്ഷ്യത്തിലേയ്ക്കു മാർഗ്ഗദർശകവുമണ് ഈ പരമാർത്ഥപ്രസംഗം.
ഈശ്വരസാക്ഷാത്കാരത്തിനുവേണ്ടി കർമ്മം, ജ്ഞാന, ഭക്തി, യോഗമാർഗ്ഗങ്ങളിൽക്കൂടി ചരിക്കുന്ന ആത്മാർത്ഥതയുള്ള സാധകർക്ക് ഈ പുസ്തകം ഉപകരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ആദ്ധ്യാത്മികപുസ്തകങ്ങൾ വാങ്ങാൻ ഈ വെബ്സൈറ്റ് സന്ദർശിക്കുക.
sri ramakrishna math
No comments:
Post a Comment